ആറ്റുവാശ്ശേരി -പുത്തൂര്
കേരള സംസ്ഥാനത്തെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കുളക്കട ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആറ്റുവാശ്ശേരി. ഈ ഗ്രാമത്തിന്റെ ഒരു ഭാഗം കല്ലടയാറിനാൽ ചുറ്റപ്പെട്ട് കിടക്കുന്നു. നദിയുടെ മറുവശത്ത്, കിഴക്ക് ആറ്റുവാശ്ശേരിയും തെക്ക് തെക്കുംചേരിയും, പടിഞ്ഞാറ് കടമ്പനാടും വടക്കൻ മണ്ണടിയും സ്ഥിതി ചെയ്യുന്നു. ആറ്റുവാശ്ശേരിയിലെ വയൽ വാണിഭം മദ്ധ്യതിരുവിതാംകൂറിൽ പരക്കെ അറിയപ്പെട്ടിരുന്നു[1].
പദോൽപ്പത്തി
ആറ്റുവാശ്ശേരി ഗ്രാമം കല്ലടയാറിന്റെ വായിൽ (ആറ്റുവായ്, അഴിമുഖം) കിടക്കുന്ന ഭൂമിയായതിനാൽ അത് ആറ്റുവാച്ചേരിയായും പിന്നീട് അത് ആറ്റുവാശ്ശേരിയായും അറിയപ്പെട്ടു. മറ്റൊരു പുരാണ കഥ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു കാലത്ത് നൂറ്റവർ ഇവിടെ താമസിച്ചിരുന്നുവത്രേ. പിന്നീട് നൂറ്റുവാശ്ശേരി എന്നറിയപ്പെട്ടിരുന്ന ദേശം വീണ്ടും ആറ്റുവാശ്ശേരി എന്നായി മാറി.
സമ്പദ്വ്യവസ്ഥ
പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ഈ ഗ്രാമത്തിലെ സമ്പദ്വ്യവസ്ഥ നിലനിൽക്കുന്നതെങ്കിലും കൃഷിയിൽനിന്നുള്ള കുറഞ്ഞ വരുമാനം കാരണം പുതിയ തലമുറ കാർഷിക മേഖലയിൽ ഏർപ്പെടാത്തതിനാൽ ഇപ്പോൾ മിക്ക നെൽവയലുകളും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാസമ്പന്നരായ യുവാക്കൾ സർക്കാർ ജോലികളോ കൂടുതൽ ലാഭകരമായ വിദേശ ജോലികളോ തേടുന്നു.
ആറ്റുവാശ്ശേരി വയൽ വാണിഭം


കാർഷിക ഗ്രാമമായ ആറ്റുവാശേരി ഒരു കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും[2] പ്രസിദ്ധമായ കന്നുകാലി ചന്തയായിരുന്നു. വിശാലമായ ഇവിടുത്തെ പാടങ്ങളിൽ ആണ്ടു തോറും കന്നുകാലി കച്ചവടം നടത്തിയിരുന്നു. വിവിധ നാടുകളിൽ നിന്നായി ധാരാളം കച്ചവടക്കാരും കന്നുകാലികളും ഇവിടെയെത്തിയിരുന്നു. കർഷകർക്ക് വിശ്രമിക്കാനും മറ്റും നിർമ്മിച്ച ഒരു കളത്തട്ടും കന്നുകാലികൾക്ക് വെള്ളം കുടിക്കാനുള്ള കൽത്തൊട്ടിയും ഇപ്പോഴും ഇവിടെ സ്ഥിതിചെയ്യുന്നു